കർനൂലും കഴുതകളും മനുഷ്യരും...

ഓരോ നഗരത്തിനും അതിന്റേതായ സ്വഭാവങ്ങളുണ്ട്. ഏതേതു നഗരത്തിൽ താമസിച്ചാലും ഒട്ടും സാമ്യത കണ്ടെത്താനാവാത്ത അതിന്റെ മാത്രമായ സ്വഭാവങ്ങളും രീതികളുമുണ്ടാവും.
ചില നഗരങ്ങൾ നമ്മുടെ തന്നെ ഭാഗമാകുന്നത് നോക്കിനിൽക്കാനേ പലപ്പോഴും നമുക്ക് പറ്റാറുള്ളൂ.
കഴിഞ്ഞ ആറുമാസമായി ആന്ധ്രയിലെ കർണൂൽ കേന്ദ്രീകരിച്ച് ഇവിടുത്തെ ഗ്രാമങ്ങളിലെ സ്കൂളുകളിൽ ചെന്ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ട്രെയിനിങ് നൽകുകയായിരുന്നു ജോലി. പേരിൽ സിറ്റി ഒക്കെ ഉണ്ടെങ്കിലും മറ്റു നഗരങ്ങളുടെ രീതികളല്ല 'കർനൂൽ സിറ്റി'ക്ക്. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും നഗരമാണിത്. വൻകിട കെട്ടിടങ്ങളും കൂറ്റൻ ഷോപ്പിംഗ് മാളുകളോക്കെ അന്യമായ ഒരു കൊച്ചു വൻനഗരം. ഗ്രാമങ്ങളും നഗരത്തിന്റെ തന്നെ ഭാഗമായി കൂട്ടു പിണഞ്ഞു കിടക്കുന്ന സ്ഥലം. മറ്റു വൻനഗരങ്ങളെ പോലെ ഹൈടെക് നഗരവും ചേരികളും എന്ന ബൈനറി ഇല്ലാത്ത എല്ലാം ഒന്നായി കിടക്കുന്ന നഗരം. കൊച്ചു കുടിലുകളും താൽക്കാലിക വീടുകളും പാർപ്പിടമാക്കിയവരാണിവിടെ അധികവും. വ്യക്തികൾക്ക് സ്വന്തമായി സ്പേസ് ഇല്ലാത്ത, നിവർന്നു നിന്നാൽ തല തട്ടുന്ന നാമമാത്രമായ വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളും വഴിയോരങ്ങളും ആണ് പ്രാഥമിക ആവശ്യത്തിനുവേണ്ടി പലരും ആശ്രയിക്കുന്നത്.
വരണ്ടുണങ്ങി പൊടി പിടിച്ചു നിൽക്കുന്ന ഇവിടെ വളരെ അപൂർവമായി കാണുന്ന ഒന്നാണ് പച്ചപ്പ്. മിക്ക ആന്ധ്ര ഗ്രാമങ്ങളിലും നിറഞ്ഞുനിൽക്കുന്ന നെൽപാടങ്ങൾ ഇവിടെ അന്യമാണ്. ഒരുകാലത്ത് കുടിപ്പകകളും ഗുണ്ടാവാഴ്ചകൾക്കും പേരുകേട്ട കർന്നൂൽ ഇപ്പോൾ സമാധാനപരമാണ്. പക്ഷേ ദൂരെ യാത്രക്കാർ ഇപ്പോഴും ഈ വഴി രാത്രി യാത്രകൾക്ക് ഉപയോഗിക്കാറില്ല.
.ഇവിടുത്തെ ഉൾഗ്രാമങ്ങളിലും നഗരത്തിലും അങ്ങിങ്ങായി പാറിപ്പറക്കുന്ന ചെങ്കൊടികൾ കമ്മ്യൂണിസത്തിന്റെ സ്വാധീനം കർഷകർക്കിടയിലും തൊഴിലാളികൾക്കിടയിലും ശക്തമാണ് എന്നത് വിളിച്ചുപറയുന്നു. ചെങ്കൊടി ഉള്ളത് കൊണ്ടുതന്നെ തൊഴിലാളികളും കർഷകരും സംഘടിതരാണിവിടെ.
ആളുകളുടെ മുഖ്യ യാത്രാമാർഗ്ഗം ഓട്ടോറിക്ഷ ആയതുകൊണ്ടുതന്നെ ചീറിപ്പായുന്ന ഓട്ടോറിക്ഷകളാണിവിടെ അധികവും. വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് അള്ളിപ്പിടിച്ച് ഷെയർ ഓട്ടോകളിൽ തിങ്ങിനിറഞ്ഞു പോകുന്ന ആൾക്കാരെ കണ്ടാൽ ഇത്രയധികം ആൾക്കാർ ഒരു ഓട്ടോയിൽ കൊള്ളുമോ എന്ന് അത്ഭുതപ്പെട്ടുപോകും.
.
ഓട്ടോകളെക്കാളും കൂടുതൽ കഴുതകളായിരിക്കും കർന്നൂൽ വഴിയോരത്ത്. ഒരുപക്ഷേ ഇന്ത്യയിൽതന്നെ ഏറ്റവുമധികം കഴുതകൾ ഉള്ള സ്ഥലങ്ങളിൽ ഒന്നായിരിക്കും കർന്നൂൽ.
കഴുതകൾക്കായി പ്രത്യേക ഉത്സവവും കഴുതയോട്ടവും നടക്കുന്ന സ്ഥലമാണിത്. നഗരവും അതിൻറെ ആരവങ്ങളും ചീറിപ്പായുമ്പോള്‍ അനക്കമില്ലാതെ സ്ഥായിയായി തലകുനിച്ചു നിൽക്കുന്ന കഴുതകളെ കാണുമ്പോൾ അസ്തിത്വദുഃഖം ബാധിച്ച ചില മനുഷ്യരെ ഓർമ്മിപ്പിക്കും. കഴുതകളോളം തന്നെ പന്നികളും വിലസുന്നുണ്ടിവിടെ. മൊത്തത്തിൽ മനുഷ്യരെപ്പോലെ തന്നെ റോഡുകൾ കഴുതകളുടെയും പശുക്കളുടെയും പട്ടികളുടെയും കാളവണ്ടികളുടെയും കുതിരവണ്ടികളുടെയും കൂടിയാണ്. ആറുമാസം അത്രവലിയ കാലയളവല്ലെങ്കിലും ഭാഷപോലും അറിയാത്ത ഈ അപരിചിത നഗരത്തിൽ താമസിക്കുക/ അതിജീവിക്കുക എന്നത് "നമ്മെ അറിയാത്ത, നമ്മളറിയാത്ത, ഭാഷയറിയാത്ത നഗരത്തിൽ ജീവിക്കണം" എന്ന് പണ്ടാരോ പറഞ്ഞതിന്റെ സാക്ഷാത്കാരം പോലെയായിരുന്നു. (കൂട്ടിന് ഉറ്റസുഹൃത്ത് Krishna Darsan ഉള്ളത് മാത്രമായിരുന്നു ഏക അപവാദവും ആശ്വാസവും ). പക്ഷേ നാടും നഗരവും മനുഷ്യരും പരിചിതമാവാൻ സമയം അധികം വേണ്ടി വന്നിരുന്നില്ല. ദിവസവും പല സ്കൂളുകളിലേക്കും സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്നത് ഇവിടുത്തെ സംസ്കാരവും വിദ്യാഭ്യാസരീതിയും കൂടുതൽ അടുത്തറിയാൻ സഹായിച്ചിട്ടുണ്ട്.
കേരളത്തിലെ ഗവൺമെൻറ് സ്കൂളുകൾ ഒരു ഇരുപത് വർഷംമുമ്പ് ഉണ്ടായതിനേക്കാളും പരിതാപകരമാണ് ഇവിടുത്തെ സ്കൂളുകളുടെ ഇപ്പോഴത്തെ അവസ്ഥ. ആത്മാർത്ഥത ഇല്ലാത്ത "സർക്കാര് ജോലി" എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം സ്കൂളിലെത്തുന്ന അധ്യാപകരും കാര്യക്ഷമമല്ലാത്ത അധികൃതരും ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ് . ഈ അവസ്ഥ മുതലാക്കി കൂണുപോലെ മുളച്ചുപൊന്തിയ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെയും അവസ്ഥയും തഥൈവ. ചുരുക്കം ചിലത് മാറ്റിനിർത്തിയാൽ പലതും 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം' എന്ന പോളിസി മാത്രമാണ് പിന്തുടരുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഇത്തരം സ്കൂളുകൾ അധികവും മേൽക്കൂരക്ക് പകരം ആസ്പട്ടോസ് ഷീറ്റുകൾ പാകിയവയാാണ്‌. ബെഞ്ചുകൾ കേട്ടുകേൾവി മാത്രം. നിലത്തിരുന്നും മരത്തണലിലുമൊക്കെ ഇരുന്നാണ് പഠനം. ശൗചാലയങ്ങൾക്ക് പകരം സ്കൂളിനോട് ചേർന്ന് നിൽക്കുന്ന തുറസ്സായ സ്ഥലത്താണ് അധ്യാപകർ പോലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്. പുഴകൾ കടന്നു വേണം ചില സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കടന്നുചെല്ലാൻ.
ഇത്തരം സ്കൂളുകളിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ടവർ വൻ സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുമ്പോൾ ഇത്തരം സ്കൂളുകളെ ആശ്രയിക്കുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളാണ്.
ഇവിടെ പഠിക്കുന്നവരിൽ മിക്കവരും കർഷകരുടെയും ഓട്ടോ/കാളവണ്ടി ഡ്രൈവർമാരുടെയും ഏറ്റവും പിന്നോക്കം നിൽക്കുന്നവരുടെയുമൊക്കെ മക്കളാണ്.
ഇത്തരം സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഭൂരിപക്ഷത്തിനും അടിസ്ഥാനയോഗ്യത ഇല്ലെന്നുമാത്രമല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടുപോലും when/who എന്നതിൻറെ വ്യത്യാസംപോലും അറിയാത്തവരുണ്ടിവരിൽ. അവരാണ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത്. ഇത്തരം അധ്യാപകർ പരിതാപകരമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ നേർചിത്രമാണ്. ഇന്ത്യൻ പ്രസിഡന്റിന്റെ പേര് ചോദിച്ചാൽപോലും പലർക്കും അറിയാറില്ല. വിദ്യാർത്ഥികളിൽ മിക്കവർക്കും 'മലയാളം' എന്ന ഭാഷ ഉള്ളതു കേട്ടിട്ടുപോലുമില്ല. ക്രിക്കറ്റും കബഡിയും മാത്രമാണ് ആകെ അറിയുന്ന കായിക ഇനങ്ങൾ. സിനിമ രക്തത്തിലലിഞ്ഞ ഇവരുടെ ശരീരഭാഷയിൽ പോലും സിനിമയുടെ സ്വാധീനം കാണാൻ സാധിക്കും.
രണ്ടായിരവും രണ്ടായിരത്തി അഞ്ഞൂറും ഒക്കെ തുച്ഛവേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകരിൽ പലർക്കും ഞായറാഴ്ച പോലും ഒഴിവുദിവസം അല്ല. സ്പെഷ്യൽ ക്ലാസിലെ പേരിൽ ആ ദിവസവും ജോലി ചെയ്യുന്നവർക്ക് അവധി ചോദിച്ചാൽ "ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് നിങ്ങൾക്ക് ശമ്പളം തരുന്നത്, ശമ്പളം വേണമെങ്കിൽ ദിവസവും ജോലിക്ക് വരണമെ"ന്നാണ് പ്രിൻസിപ്പലിന്റെയും മാനേജ്മന്റിന്റെയുമോക്കെ മറുപടികൾ.
അങ്ങനെ അടിസ്ഥാന അവകാശങ്ങൾ മുഴുവൻ നിഷേധിക്കപ്പെട്ട മറ്റുവഴികൾ ഇല്ലാത്തതുകൊണ്ടുമാത്രം അവിടങ്ങളിൽ ജോലി തുടരാൻ വിധിക്കപ്പെട്ടവരുടെ ദൈന്യതയാർന്ന പരിഭവങ്ങൾക്ക് മുമ്പിൽ ഉത്തരങ്ങളില്ലാതെ പലപ്പോഴും ബാക്കിയായിട്ടുണ്ട്.
ഇത്തരം സ്കൂളുകളിൽ ചെന്ന്‍ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഭാഷയും ലൈഫ് സ്കിൽസും ട്രെയിൻ ചെയ്യുമ്പോൾ അവരുടെ ഉത്സാഹവും പ്രതിഭയും കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അവസരങ്ങളും പ്രിവിലേജുകളും ഇല്ലാത്തതുകൊണ്ടുമാത്രം ജീവിതം വഴിയടഞ്ഞു പോയവരിൽ പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം നിറയുന്നത് കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തി തന്നെയാണ് ഇവിടങ്ങളിൽ ജോലി ചെയ്യാൻ പിന്നെയും പ്രചോദിപ്പിക്കുന്നത്.
മുഖ്യധാരാ രാഷ്ട്രീയക്കാരും വിദ്യാഭ്യാസ അധികൃതരും അവഗണിച്ച ഇത്തരം സാമൂഹ്യസാഹചര്യങ്ങളിൽ ചെന്ന് വിദ്യാർഥികളിലും അധ്യാപകരിലും ആത്മവിശ്വാസവും പകരുന്നതിലൂടെ Ignis Careers പോലുള്ള സംരംഭങ്ങൾ ചെയ്യുന്നത് വലിയൊരു സാമൂഹ്യ സേവനം കൂടിയാണ്.
ചെയ്യുന്ന ജോലി കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഇത്തിരി മാറ്റങ്ങളും മെച്ചവും ഉണ്ടാക്കുന്നതിൽ കൂടുതൽ മൂല്യവത്തായത് വേറെ എന്താണുള്ളത്.
ഇപ്പോൾ കർനൂലിൽ നിന്ന് തമിഴ്നാട് ആന്ധ്ര അതിർത്തിയിലുള്ള നെല്ലൂരിലേക്ക് ആന്ധ്ര സർക്കാരിന്റെ പുതിയൊരു പ്രൊജക്റ്റിനു വേണ്ടി സ്ഥലം മാറ്റിയിരിക്കുകയാണ്. പക്ഷേ kurnool നഗരവും അവിടുത്തെ കുട്ടികളും വരണ്ടുണങ്ങിയ, പൊടി നിറഞ്ഞ ആ ഭൂപ്രകൃതിയും ഉള്ളിൽ തന്നെയുണ്ട്.
.
കുറച്ചുദിവസമായി സ്ഥലം മാറിയിട്ടെങ്കിലും ചില മുഖങ്ങൾ മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുകയാണ്.
കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് സ്കൂളുകൾ സംഭാവന സംഭരിക്കുമ്പോൾ, മിഠായി വാങ്ങാൻ കൊണ്ടുവന്ന ചില്ലറകളടക്കം സംഭാവന നൽകിയ കൊട്മൂർ സ്കൂളിലെ കുട്ടികളുടെ ആർദ്ര മുഖങ്ങൾ... ഒരേ ജോലിയിൽ തളക്കപ്പെട്ട്‌ പെട്ടൊന്നൊരു ദിവസം പ്രായമായിപ്പോയത് തിരിച്ചറിഞ്ഞ കുറേ അധ്യാപികരുടെ ദൈന്യതയാർന്ന മുഖങ്ങൾ... ഓരോ ആഴ്ചയും സ്കൂളിലെത്തുമ്പോൾ സ്നേഹത്തോടെ അറിയാത്ത ഭാഷയിൽ നൂറുനൂറു വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്ന പ്രായമായ ആയമാരുടെ ചുളിവ് വീണ വാത്സല്യം നിറഞ്ഞ മുഖങ്ങൾ... സ്കൂളുകളിലേക്ക് ചെല്ലുമ്പോൾ എന്നും സ്നേഹത്തോടെ ഓടിവന്ന് അഭിവാദ്യം ചെയ്യാറുണ്ടായിരുന്ന കുട്ടികളുടെ സന്തോഷംകൊണ്ട് വിടരാറുണ്ടായിരുന്ന മുഖങ്ങൾ...
അവിടുന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ കലങ്ങിയ കണ്ണുകളോടെ യാത്രയാക്കിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഖങ്ങൾ...
പിന്നെ, മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്നും കാണാറുള്ള രാവിലെ അഞ്ചര തൊട്ട് രാത്രി പത്ത് കഴിഞ്ഞാലും അലക്കു ജോലി തുടരുന്ന തൊട്ടടുത്തു താമസിക്കുന്ന വൃദ്ധയുടെ നിർവികാരത നിറഞ്ഞ മുഖം... അങ്ങനെ കുറേ മുഖങ്ങൾ...

Comments

Popular Posts